പ്രവാചകൻ     
പൊള്ളുന്ന വെയിൽ, തൊണ്ട വരണ്ടുണങ്ങി, നാക്കു താഴ്ന്നുപോകുന്നു. കാലുകളിൽ  പലയിടത്തുനിന്നും രക്തം ഒഴുകുന്നു, വിരലുകളിലെ മുറിവുകളിൽ മണ്ണുപൊതിഞ്ഞിരിക്കുന്നു. നെറ്റിയിലെ മുറിവിൽ നിന്നും കിനിഞ്ഞ ഒരു തുള്ളി രക്തം വിയർപ്പുമായി കലർന്ന് താഴേക്ക് പതുക്കെ മൂക്കിന്റെ തുമ്പിലേക്കു ഒഴുകിയിറങ്ങുന്നത്തിന്റെ തണുപ്പ് ഒരു നേർ രേഖപോലെ,  സുഖമായി തോന്നി. കൊല്ലാനായി അലറിയടുത്ത ക്രൂരതയുടെ ആയിരം കൈകളിൽനിന്നും പ്രാണൻ രക്ഷിക്കാനായി എത്ര ദൂരം ഓടി എന്നറിയില്ല..ഓർമ്മയും ഇല്ല. വിശപ്പും ദാഹവും കാഴ്ചയെ തന്നെ മറച്ചു കളയുന്നു. ഒരിറ്റു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ. അങ്ങ് കണ്ണെത്താ ദൂരെ അകലെ പട്ടണത്തിൽ ഉയർന്നു നിൽക്കുന്ന കോട്ട ഗോപുരങ്ങളുടെ മകുടങ്ങൾ മാത്രം കാണാം. നന്ദികേടിന്റെ സ്മാരകങ്ങൾ…

രക്ഷപെട്ടു എന്നുറപ്പാക്കാനായിട്ടില്ല. മരണം തൊട്ടുപിന്നിൽത്തന്നെയുള്ളതു പോലെ. പലതവണ ചുമലിൽ അതിന്റെ ചൂടുനിശ്വാസങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. പട്ടിണിയായ്, വാളായ്, കൂർത്തകല്ലുകളായ്, പ്രകൃതി ക്ഷോഭങ്ങളായ്, അങ്ങനെ പലരൂപത്തിൽ. പക്ഷെ ഓരോ വെല്ലുവിളികളിലും പ്രതിസന്ധികളിലും എവിടെയൊക്കെയോ വ്യക്തമല്ലാത്ത നിന്റെ മിന്നലാട്ടങ്ങളുടെ ഒരു തണുപ്പ്  എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതുതന്നെയാണ് എന്റെ ശരീരത്തെയും ആത്മാവിനെയും ഇന്നുവരെ പിരിയാതെ ഒരുമിച്ചു നിർത്തിയത്. അതുകൊണ്ടാവണം നീ കാണിച്ച വഴികൾ, നിന്റെ ആജ്ഞകൾ ഒരടിമയെ പോലെ ഇത്രയും കാലം ഞാൻ അനുസരിച്ചത്… 

ഒടുവിൽ നീ പറഞ്ഞതുപോലെ ഞാൻ അവരുടെ അന്ധവിസ്വാസങ്ങളെ ഹോമകുണ്ഡത്തിൽ ദഹിപ്പിച്ചു… വരണ്ടുണങ്ങിയ അവരുടെ നാട്ടിൽ നിന്റെ സ്നേഹം മഴയായി പെയ്തിറക്കി.  പകരം എനിക്കു കിട്ടിയതോ …?  വാളും മരണശിക്ഷയും തോൽവിയും… ഒടുവിൽ ഇതാ ഞാൻ ഈ മരുഭൂവിൽ ഇലകളില്ലാത്ത കാട്ടുചൂരയുടെ തണലിൽ… മരണമായിരുന്നില്ലേ  ഇതിലും ഭേദം…?
എനിക്ക് ചോദ്യങ്ങൾ പാടില്ല, അതാണ് നിയമം  

വേദനയും വിശപ്പും ദാഹവും ക്ഷീണവും നിരാശയും എന്നെ നിദ്രയുടെ അന്തമില്ലാ കയത്തിലേക്ക് വലിച്ചിറക്കി. കുറേനേരത്തേക്കെങ്കിലും… ഒന്നും അറിയാത്ത, വേദനകളില്ലാത്ത ഒരു ലോകത്തേക്ക്.
എത്രനേരം അങ്ങനെ കിടന്നു എന്ന് അറിയില്ല. ആരോ ഒരുത്തൻ വന്നു എന്നെ തട്ടി വിളിച്ചുണർതും വരെ…അയാൾ എനിക്ക് അപ്പവും വെള്ളവും തന്നു…ആർത്തിയോടെ വാങ്ങിക്കഴിച്ചു ..ഞാൻ ഒന്നും ചോദിച്ചില്ല അയാൾ ഒന്നും പറഞ്ഞതുമില്ല. വീണ്ടും കിടന്നുറങ്ങി.. വീണ്ടും അയാൾ വിളിച്ചുണർത്തി അപ്പവും വെള്ളവും തന്നു. അങ്ങ് ദൂരെയുള്ള പർവതത്തിൽ  നീ എന്നെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു. ഇനി ആഹാരമില്ലെന്നും…ആഹാരമില്ലാതെ ഇത്ര ദൂരം ഞാൻ ..? 
അല്ല എനിക്ക് ചോദ്യങ്ങൾ പാടില്ല, അതാണ് നിയമം.

നാൽപതു ദിവസങ്ങൾ, ഓടിയും നടന്നും കിതച്ചും നിന്നും ഒക്കെ ഞാൻ ഒടുവിൽ പർവത ശിരസ്സിൽ എത്തുന്പോൾ ഏതോ വന്യമൃഗം എന്നോ  ഉപേക്ഷിച്ചുപോയ ഒരു മാറാല കെട്ടിയ ഒരു ഗുഹ മാത്രം. ഭീതി ഉണർത്തുന്ന നിശബ്തത..നീ എവിടെ..? ഇനി എന്ത്…എങ്ങോട്ടു?  ഞാൻ അത് മറന്നു, എനിക്ക് ചോദ്യങ്ങൾ പാടില്ല.

ശെരിയാണ്,  ഒരേ ഒരു കാൽചുവടുവെക്കാനുള്ള ഇടം മാത്രമേ എന്നും നീ എനിക്ക് തെളിച്ചു തന്നിട്ടുള്ളു.. ആ ചുവടു വച്ച ശേഷം അടുത്ത്.  അതിനപ്പുറത്തേക്കുറിച്ചു ആശങ്കപ്പെടാനോ പിന്നിലുള്ളതിനെ പറ്റി സങ്കടപെടാനോ പാടില്ല, അതും നിയമമാണ്. 
വലിയ മുഴക്കം കേൾക്കുന്നു..അലറിയടിക്കുന്ന കൊടുങ്കാറ്റ്‌.. പാറകൾ പിളരുന്നു, പർവതങ്ങൾ വിണ്ടുകീറുന്നു…നിന്റെ വരാവണോ..? ഉത്തരമില്ല… മൗനം, അതും കഴിഞ്ഞു പോയി.
നിശബ്ദതയെ കീറിമുറിച്ചു എട്ടുദിക്കും നടുക്കിക്കൊണ്ടു  പ്രകമ്പനങ്ങൾ… ഭൂമി കുലുങ്ങി. എല്ലാം തകരുന്നതുപോലെ… അവസാനം അടുത്ത പോലെ…
ഇത് നിന്റെ വരാവണോ? ഉത്തരമില്ല, മൗനം… അതും കഴിഞ്ഞു പോയി.
ഗുഹയിലെ ഒരു കല്ലിൽ ചാരിയിരുന്നു ഒന്ന് മയങ്ങി. ദേഹത്ത് ചൂടുതട്ടിയാണ് ഉണർന്നത്… തീ ആളിപ്പടരുന്നു… ആളി പടർന്ന അഗ്നി ആ പർവതത്തെ വിഴുങ്ങി… ഇനി രക്ഷയില്ല…എല്ലാം അവസാനിക്കുന്നു…ചുറ്റുമുള്ള സകലവും വെന്തു വെണ്ണീറായി…പക്ഷെ അതും കഴിഞ്ഞു പോയി.
ഇത് നിന്റെ വരാവണോ? ഉത്തരമില്ല, മൗനം… ശാന്തത…
ആ ശാന്തതയിൽ ഒരു മൃദുസ്വരം…നീ പുറപ്പെടുക പുതിയ ഒരു  ദൗത്യവുമായി…

Comments

Popular posts from this blog

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013

പ്രതീക്ഷ.... അതല്ലേ എല്ലാം...

ഭയം