പ്രാർത്ഥന



                                           പ്രാർത്ഥന 

നമ്മുടെ ജീവിതത്തിൽ മിക്ക സന്ദര്ഭങ്ങളിലും ഒരു പക്ഷെ എല്ലാ ദിവസവും കേൾക്കുകയും പറയുകയും  ചെയ്യുന്ന ഒരു പദമാണ് 'പ്രാർത്ഥന'. എന്നാൽ എന്താണ് പ്രാർത്ഥന എന്നത് വ്യക്തത ഇല്ലാത്ത ഒരു സമസ്യയാണ് നമുക്ക് പലപ്പോഴും. പ്രാർത്ഥനയെ പറ്റി പല എഴുത്തുകളും വായിച്ചിട്ടുണ്ട്, പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷെ ഒരു വ്യക്തമായ  ഉത്തരം  ഇതുവരെ  ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്റെ പാർത്ഥന അനുഭവമാണ് ഞാനെഴുതുന്നതു, അത് എല്ലാവര്ക്കും സ്വീകാര്യമായിക്കൊള്ളണമെന്നുമില്ല. കാരണം പ്രാർത്ഥനക്കു ഓരോ വ്യക്തിക്കും അവരവരുടെ സ്വന്തം നിർവചനം നൽകാൻ കഴിയും. ഒരു പക്ഷെ  അതാണ് പ്രാർത്ഥനയുടെ സൗന്ദര്യവും പവിത്രതയും.

പാർത്ഥന എന്നത് ഒരു അന്വേഷണമാണ്, യാത്രയാണ്. സ്വന്തം ആഴങ്ങളിലേക്കുള്ള ഒരു ഊളിയിടൽ, അവിടെയാണ് പ്രാർത്ഥനയുടെ തുടക്കം. സ്വയം അറിയാൻ, കാണാൻ, കേൾക്കാൻ, ഒക്കെയുള്ള ഒരു ശാന്തവും നിഷ്കളങ്കവുമായ പരിശ്രമത്തിൽ നിന്നാണ് ആണ് പ്രാർത്ഥനയുടെ തുടക്കം. 'ഞാൻ' എന്നത്, എന്റെ മനസ്സ്  ഓർമ്മവച്ചനാൾ മുതൽ അനുഭവങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും വിചാര വികാരങ്ങളിൽ നിന്നുമൊക്കെ എന്റെയുള്ളിൽ വരച്ചിട്ട ഒരു സങ്കൽപ്പവിഗ്രഹമാണോ, അതോ എന്റെ ആഴങ്ങളിൽ ശാന്തമായിരിക്കുന്ന ആത്മ ചൈതന്യമാണോ? 

ഞാൻ എന്നത് എന്റെ മനസ്സല്ല എന്ന തിരിച്ചറിവാണ് ഫലപ്രദമായ പ്രാർത്ഥനക്കു  പരമപ്രധാനം.  ആത്മചൈതന്യ സാന്നിധ്യമറിയാനുള്ള നമ്മുടെ ഉദ്യമങ്ങളിൽ ഏറ്റവും വലിയ തടസ്സം നമ്മുടെ മനസ്സുതന്നെയാണ്. നമ്മുടെ മനസ്സ് തൻ ഇത്രയും കാലം സൃഷ്ടിച്ചു പാലൂട്ടി വളർത്തിയ 'ഞാൻ വിഗ്രഹത്തെ' എങ്ങനെയും സംരക്ഷിക്കാൻ തയ്യാറാവും. ശാന്തമായി നിരീക്ഷിച്ചാൽ ഈ തമാശ നമുക്ക് തന്നെ ആസ്വദിക്കാൻ കഴിയും. ഒരുപക്ഷെ നമ്മുടെ ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങൾ മുഴുവൻ ഈ 'ഞാൻ വിഗ്രഹത്തെ' അടിസ്ഥനപെടുത്തിയാണ്  എന്നതാണ് വാസ്തവം. മനസ്സിനെ ശാന്തമാകുക ഏകാഗ്രമാക്കുക എന്നുള്ളതാണ് പ്രാര്ഥനയിലേക്കുള്ള ആദ്യപടി. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടവും ഇതുതന്നെ.  ചിന്തകളാലും ചിത്രങ്ങളാലും വികാര വിചാരങ്ങളാലും മനസ്സ് സർവശക്തിയും ഉപയോഗിച്ച് നമ്മുടെ പരിശ്രമത്തെ നിരന്തരം തടസ്സപെടുത്തികൊണ്ടിരിക്കും. അത് അതിജീവിക്കുക എന്നത് നിരന്തര പരിശ്രമത്തിൽ കൂടെ മാത്രമേ സാധ്യമാവുകയുള്ളു, അതിനായി നാളുകൾ ഏറെ വേണ്ടി വന്നേക്കാം.  'ഞാൻ വിഗ്രഹത്തെ' അതിജീവിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ ഉള്ളിലെ ദൈവാരാജ്യത്തെ കണ്ടെത്തുക സാധ്യമാവുകയുള്ളു. 

നമ്മുടെ ഉള്ളിലെ ആത്മചൈതന്യത്തെ ഈശ്വരചൈതന്യവുമായി ബന്ധിപ്പിക്കുക അഥവാ പ്രപഞ്ചസൃഷ്ട്ടവുമായുള്ള നിരന്തരബന്ധത്തിൽ ആയിത്തീരുകയാണ് പ്രാർത്ഥനയുടെ പരമപ്രധാന  ലക്‌ഷ്യം. ആ ബന്ധത്തിന്റെ തെളിവാണ് നമ്മിലുണ്ടാകുന്ന വെളിച്ചവും അനിർവചനീയമായ ആനന്ദവും. യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം തേടി മറ്റെവിടെയും പേകേണ്ടതില്ല. ഒരു വ്യക്തിയുടെ ജന്മലക്‌ഷ്യം, യഥാർത്ഥശക്തി, കഴിവുകൾ, പോകേണ്ടുന്ന വഴികൾ ഇവയൊക്കെ  അറിയണമെങ്കിൽ ഈ ബന്ധം കൂടിയേതീരൂ. എല്ലാം നമ്മുടെ ഉള്ളിൽ തന്നെ. പാറമേൽ വീട് പണിയുന്ന ബുദ്ധിയുള്ള മനുഷ്യനെ കുറിച്ച് യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. പാറ എന്നത് നമ്മുടെ ഉള്ളിലുള്ള ദൈവാരാജ്യമാണ് അഥവാ ആത്മചൈതന്യമാണ്‌ . ജീവിതത്തിലെ ഓരോ തീരുമാനങ്ങളും നീക്കങ്ങളും ആ പാറമേൽ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കിൽ കാറ്റും കോളും അതിനെ തകർത്തുകളയും. 

കോടാനുകോടി ജനങ്ങൾ തങ്ങളുടെ യഥാർത്ഥ ശക്തിയോ സാധ്യതകളോ ജന്മലക്ഷ്യമോ അറിയുകപോലും ചെയ്യാതെ ജീവിച്ചു മരിക്കുന്നു  എന്നതാണ്  സങ്കടകരമായ യാഥാർത്യം. കഠിന വ്രതങ്ങൾ അനുഷ്ഠിച്ചു കാടും മാമലകളും താണ്ടി ശബരീശസന്നിധിയിൽ എത്തുമ്പോൾ നാം അറിയില്ലേ അത് നീയാണ്, അത് നിന്റെയുള്ളിലാണ് എന്ന്. ആ യാത്രയാണ് പ്രാർത്ഥന, ആ കണ്ടെത്തലാണ് ആത്മസാക്ഷാത്കാരം. ഒരൽപം വെളിച്ചം നമ്മുടെ  ഉള്ളിൽ ചിന്തളുടെ ചാരം മൂടി കിടക്കുന്നു. അതൊന്നു ഊതി തെളിച്ചാൽ നമുക്കും തന്നെയും  മറ്റനേകർക്കും വെളിച്ചമായി മാറാം, യുഗങ്ങളോളം…

Comments

  1. I couldn't agree more to your statement that Prayer is a realisation. After every prayer I come out as pure as lily. I wish I could remain the same after that also. I truly admire you for this beautiful composition of Prayer.

    ReplyDelete

Post a Comment

Popular posts from this blog

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013

പ്രതീക്ഷ.... അതല്ലേ എല്ലാം...

ഭയം