എന്‍റെ വിളക്കുമരം

                                                                    Published in  
                           Amalolbhava(അമലോത്ഭവ)
                                               Marian Franciscan Magazine  ( October 2012)

കാറ്റും കൊളുമില്ലാതെ ശാന്തമായി തീരമണയാം  എന്നത് ഒരു സഞ്ചാരിയുടെ വെറും വ്യാമോഹമാണ്. ആര്‍ത്തിരമ്പുന്ന തിരമാലകളും വീശിയടിക്കുന്ന  കൊടുങ്കാറ്റും എന്‍റെ നൌക യിലെ ദൈവസാന്നിധ്യത്തിന്‍റെ സാധ്യതകളാണ്. നാഥന്‍ അമരത്ത് സുഖമായി ഉറങ്ങുകയാവാം, ഒരു പക്ഷെ കൈയ്യെത്തും  ദൂരെ കടലില്‍ നമ്മെ പിന്തുടരുകയാവാം. എങ്കിലും പലപ്പോഴും ഉയരത്തില്‍ കെട്ടിപൊക്കിയ പായയിലോ, കൈവശമുള്ള  നന്ഗൂരത്തിലോ, വടക്കുനോക്കി യന്ത്രതിലോ ഒക്കെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു വെറുതെ പങ്കായം വലിച്ചു തളരുകയാണ്. ഇവയൊക്കെയാണ് രക്ഷാമാര്‍ഗ്ഗങ്ങള്‍ എന്ന വിശ്വാസം എപ്പോഴോ എന്നില്‍ രൂഡാമൂലമായിരുന്നു. പക്ഷെ ഉണ്ടെന്നു കരുതിയ ആശ്രയ കേന്ദ്രങ്ങള്‍ കൈവിട്ടുപോയാല്‍ എന്ത് ചെയ്യും? അപ്രതീക്ഷിതമായ ചില വന്‍ തിരമാലകള്‍ എന്‍റെ പടകിലും ആഞ്ഞടിച്ചു.   കണക്കു കൂട്ടലുകള്‍ മുഴുവന്‍ തെറ്റി. തൊഴില്നെ പറ്റിയും ജീവിതത്തെ പറ്റിയും എനിക്കുണ്ടായിരുന്ന നിര്‍വചനങ്ങളും വിശ്വാസ പ്രമാണങ്ങളും, പ്രതീക്ഷകളും  ഒരു നിമിഷം കൊണ്ട്  ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

 തീരം അപ്രാപ്യമാണ് എന്ന് തോന്നിയ ആ കൂരിരുട്ടില്‍, ഒരു നിയോഗം പോലെ എന്‍റെ പ്രിയ സുഹൃത്തും സഹ അധ്യാപകനുമായ ഫാദര്‍ ജോര്‍ജ് മുഞ്ഞ്ച്ചനാടു തന്ന  നിക്കോസ് കസന്സഖിസിന്റെ സെയിന്‍റ് ഫ്രാന്‍സിസ് എന്ന നോവല്‍ ഒരു ചെറിയ തീപൊരിയായി എന്റെയുള്ളില്‍ എവിടെയോ വീണു.  അത് വളരെ പെട്ടെന്ന് നീറി പടര്‍ന്നു ആളികത്തി ഒരു അഗ്നിതൂണ്‍ ആയി എന്നില്‍ പരിണമികുകയായിരുന്നു. ഒരു പക്ഷെ ആ ജ്വാല എനിക്കും മീതെ വളര്‍ന്നു വിളക്കുമാരമാവുകയാകാം. ദിശയറിയാതെ ഉഴറിയ എനിക്ക്  ദൈവം നല്‍കിയ ഒരു വിളക്കുമരം ആയിരുന്നു  സെയിന്‍റ് ഫ്രാന്‍സിസ്. മുങ്ങി താഴുന്ന ജീവിതത്തില്‍ കിട്ടിയ ഒരു കച്ചിതുരുമ്പ്‌ !!! ലക്ഷകണക്കിന് മനുഷ്യ ജന്മങ്ങള്‍ക്കു വഴികാട്ടിയായ സെയിന്‍റ് ഫ്രാന്‍സിസ് ഒരു വിളക്കുമരമായി എന്‍റെ മുന്നില്‍. അദ്ധേഹത്തെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു.

 എനിക്ക് അത് ഒരു ആരംഭമായിരുന്നു. ഒരു പുതിയ അദ്ധ്യായമായിരുന്നു. ജീവിതത്തില്‍ ആദ്യമായി സെയിന്‍റ് ഫ്രാന്‍സിസ്നെ നിക്കോസ് കസന്സഖിസ വരച്ചിട്ട അക്ഷര ചിത്രങ്ങളിലൂടെ ഞാന്‍ നോക്കികണ്ടു. മെലിഞ്ഞുണങ്ങിയ ശരീരം, രക്തമയമില്ലാതെ വിളറിയ മുഖം, കണ്ണുനീര്‍ചാലുകള്‍ വീണു വികൃതമായ കവിളുകള്‍, നനഞ്ഞ കണ്ണുകള്‍, ഉണങ്ങിയ ചുണ്ടുകള്‍, തകര്‍ന്നു വ്രണങ്ങള്‍ നിറഞ്ഞ പാദങ്ങള്‍, കീറ വസ്ത്രം ധരിച്ചു ദാരിദ്ര്യത്തെ വധുവായി വരിക്കുവാന്‍ മണവാളനായി നില്‍ക്കുന്ന സെയിന്‍റ് ഫ്രാന്‍സിസ്. അദ്ദേഹത്തിനു ചുറ്റും പ്രകാശത്തിന്‍റെ പ്രളയം. ആ ശരീരത്തു നിന്നും അവര്‍ന്നനീയമായ ഒരു പരിമളം പ്രസരിക്കുന്നു, സ്വര്‍ഗ്ഗീയ സുഗന്ധം. ആ ഹൃദയത്തിലെ തീ അടുത്ത് ചെല്ലുന്ന ആരെയും പൊള്ളിക്കും, മാംസത്തെയും കൊഴുപ്പിനെയും ദഹിപ്പിച് അതിനടിയില്‍ വസിക്കുന്ന ദൈവാത്മാവിനെ ദീപ്തമാക്കും. 

ഞാന്‍ ആവേശത്തോടുകൂടി  ആ പുസ്തകം വായിച്ചു തീര്‍ത്തു. അല്ല, അത് അനുഭവിക്കുകയായിരുന്നു. ഒന്നല്ല, പല തവണ. എനിക്ക് സെയിന്‍റ് ഫ്രാന്‍സിസ്നോട് ഒരു വല്ലാത്ത ആത്മബന്ധം തോന്നി. പലപ്പോഴും എന്നോട് സംസാരിക്കുന്നതു പോലെ. തകര്‍ന്ന എന്നെ ആശ്വസിപ്പികുകയായിരുന്നില്ല മറിച്ചു ഞാന്‍ ഒരു പമ്പര വിഡ്ഢിയാണ് എന്ന് പറഞ്ഞു കളിയാക്കി. അത് സത്യമാണ് എന്ന് എനിക്കും തോന്നി. പിന്നീട് എന്നോട് തന്‍റെ സൌമ്യവും സ്നേഹം തുളുമ്പുന്ന സ്വരത്തില്‍ ചോദിച്ചു:

 " പ്രാര്‍ത്ഥിക്കുവാന്‍ നിനക്ക് ധൈര്യമുണ്ടോ?"


ഞാന്‍ ഒന്നമ്പരന്നു. അങ്ങ് എന്താണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്? ഒരു ക്രിസ്ത്യാനിയായി ജനിച്ച് , അങ്ങനെ തന്നെ വളര്‍ത്തപ്പെട്ട്, ക്രിസ്ത്യാനിയായി ജീവിക്കുന്ന എന്നോട് പ്രാര്‍ത്ഥിക്കുവാന്‍ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത്? അല്ലെങ്ങില്‍ തന്നെ  പ്രാര്‍ത്ഥിക്കുന്നതിനു എന്തിനാണ് ഇത്രവലിയ ധൈര്യം? ധൈര്യം കിട്ടാന്‍ വേണ്ടിയല്ലേ പ്രാര്‍ത്ഥിക്കുന്നത്‌? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ ഞാന്‍ സെയിന്‍റ് ഫ്രാന്‍സിസ്നോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം എന്നോട് ഉത്തരം ഒന്നും പറഞ്ഞില്ല. വീണ്ടും അതേ ചോദ്യം 

" പ്രാര്‍ത്ഥിക്കുവാന്‍ നിനക്ക് ധൈര്യമുണ്ടോ?"

ഒടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. അങ്ങയുടെ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലക്കാനുള്ള അറിവോ ആഴമോ ധ്യാനമോ ഒന്നും എനിക്കില്ല. അങ്ങയുടെ ചോദ്യത്തിനു മുന്‍പില്‍ ഉത്തരമില്ലാതെ ഞാന്‍ ഉരുകുകയാണ്. 

ഞാന്‍ വീണ്ടും  കസന്സഖിസി ന്‍റെ അക്ഷരകൂട്ടുകളിലെ നിറങ്ങളിലേക്ക് നോക്കിയിരുന്നു. എന്താണ് പ്രാര്‍ത്ഥന? തീ പൊരികള്‍ എന്നില്‍ കത്തുകയായി. 

സുബാസിയോ ആല്‍വേര്നിയോ കുന്നുകളിലെ ഗുഹകളില്‍ ദിവസങ്ങളോളം ജലപാനമില്ലാതെ ഹൃദയം പിളരുമാരുച്ചതില്‍ നിലവിളിക്കുന്ന സെയിന്‍റ് ഫ്രാന്‍സിസ്. ആ കണ്ണുകളില്‍ കണ്ണുനീര്‍ വറ്റിയിരിക്കുന്നു . ചിലപ്പോഴൊക്കെ ദൈവവുമായി ഒരു കൊച്ചു കുട്ടിയെ പോലെ  അദ്ദേഹം  ശാട്ധ്യം പിടിച്ചു കരയുകയാണോ എന്ന് തോന്നും. ദൈവഹിതം അറിയുവാന്‍ നിരന്തരം കെണപെക്ഷിക്കുന്ന സെയിന്‍റ് ഫ്രാന്‍സിസ്. പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം ഭൂമിയില്‍ നിന്നും ഉയര്‍ന്നു പോകുംപോലെ കാണപ്പെടും. അദ്ദേഹത്തെ തീ നാമ്പുകള്‍ നക്കുന്നതുപോലെ തോന്നും. തനിക്കുള്ളത് സര്‍വവും ത്യജിച്ചു സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന ദിവ്യ  മുഹൂര്തതിനായി കാത്തിരിക്കുന്ന പുണ്യവാന്‍. ദൈവത്തിന്റെ വിഡ്ഢിയായി തെരുവുകളില്‍ നൃത്തമാടിയതും ബന്ധങ്ങളും ബന്ധനഗളും അറുത്തു മുറിച്ചതും, ദാരിദ്രിയവും പീധനഗലും സ്വീകരിച്ചതും എല്ലാം സെയിന്‍റ് ഫ്രാന്‍സിസ്നു പ്രാര്‍ത്ഥന തന്നെ യായിരുന്നു. 
ദൈവത്തിന്‍റെ  താത്പര്യം സ്വന്തം താത്പര്യമായി തീരുന്നതാണ് പ്രാര്‍ത്ഥന. താന്‍ ഇല്ലാതെയാകുന്ന സ്വയം സമര്‍പ്പനമാണ് പ്രാര്‍ത്ഥന. എന്‍റെ ഹിതമല്ല ദൈവേഷ്ട്ടം നടക്കട്ടെ എന്ന് സമ്മതിക്കുന്ന ഗത്സമെനിയിലെ ദൈവ പുത്രന്‍റെ പ്രാര്‍ത്ഥന സ്വന്തം ജീവന്റെ തന്നെ സമര്‍പ്പണം ആയിരുന്നു. പ്രാര്‍ത്ഥന എന്നാല്‍ സ്വയം യാഗപീടത്തില്‍ ഹോമിക്കുക എന്നതാണ്. സമ്പൂര്‍ണ സമര്‍പ്പണം  വിയര്‍പ്പുതുള്ളികളെ  രക്തമാക്കി  മാറ്റും .
വീണ്ടും ശാന്തവും, സൌമ്യവും മായ സ്വരം എന്‍റെ കാതുകളില്‍ മുഴങ്ങി.

"പ്രാര്‍ത്ഥിക്കുവാന്‍ നിനക്ക് ധൈര്യമുണ്ടോ?"

ഞാന്‍ കണ്ണുകളടച്ചു. ദൈവമേ എന്നെ അങ്ങയുടെ വയലിലെ ഒരു ഗോതമ്പുമണി ആക്കേണമേ. നിലത്തു വീണു നൂറും അറുപതും മേനി വിളയുന്ന, സ്വയം ഇല്ലതെയാകുന്ന ഒരു ഗോതമ്പുമണിയായി എന്നെ രൂപന്തരപ്പെടുതെനമേ........ എന്‍റെ പടകിന്റെ നിയന്ത്രണം അങ്ങ് ഏറ്റെടുക്കേണമേ.
 പ്രാര്‍ത്ഥന  അഗ്നിയായി, പുതിയ ശക്തിയായി.

പ്രതീക്ഷയുടെ പുതിയ തിരിനാളങ്ങള്‍ ദീപ്തമായി. കാറ്റ് ശമിക്കുകയാണോ കടല്‍ ശാന്തമാവുകയാണോ.....അതോ പുതിയ ആവേഗത്തില്‍ തിരികെ വരാന്‍ ഒരുങ്ങുകയാണോ....??............ ആല്‍വരെനിയോ കുന്നുകളില്‍ പൂത്തു നില്‍ക്കുന്ന അരളി പൂവുകളുടെയും നാരക പൂവുകളുടെയും സുഗന്ധം ഇവിടെമാകെ നിറയുന്നു.......













Comments

Post a Comment

Popular posts from this blog

പ്രതീക്ഷ.... അതല്ലേ എല്ലാം...

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013

ഭയം