പ്രതീക്ഷ.... അതല്ലേ എല്ലാം...
വെറുതെ നിലത്തു അയാള്‍ എന്തൊക്കെയോ എഴുതികൊണ്ടിരുന്നു....ചുളിവു വന്നു വികൃതമായ വിരലുകള്‍....അര്‍ത്ഥ ശൂന്യമായി എന്തൊക്കെയോ വരച്ചു കൊണ്ടിരുന്നു.....മഴ പെയ്തു തോര്‍ന്ന മുറ്റത്ത്....അയാളുടെ വിരലുകളില്‍ മണ്ണ് കട്ട പിടിച്ചു ... കഫവും രക്തവും ചേര്‍ന്ന മിശ്രണം ആ ചെറിയ മുറ്റം വൃത്തി ഹീനമാക്കി...
ഒതുക്കിവയ്ക്കാത്ത... അനുസരണയില്ലാത്ത മുടി.... കുഴിഞ്ഞു താണ നിര്‍ജ്ജീവമായ കണ്ണുകള്‍ ..... കരുവാളിച്ച മുഖത്തെ നരച്ച കുട്ടി രോമങ്ങള്‍ അയാളെ കൂടുതല്‍ വിരൂപനാക്കിയോ.....? വര്‍ഷങ്ങളായുള്ള ബീഡി കറയും, വെറ്റില കറയും ചേര്‍ന്നു കരി തേച്ച കുറെ പല്ലിന്‍റെ കുറ്റികള്‍.... ഒരു കണ്ണിന്‍റെ കോണില്‍ നിന്ന് തുടങ്ങുന്ന ചുളിവുകള്‍ മുഖമാസകലം ചുറ്റി സഞ്ചരിച്ചു മറ്റേ കണ്ണിന്‍റെ കോണില്‍ സമാപിക്കുന്നു... ചുണ്ടുകളുടെ കോണില്‍ നിന്നും ഒലിച്ചിറങ്ങിയ തുപ്പലും എന്നോ ചവച്ച പുകയിലയുടെയും മിശ്രണവും ഒന്നുചേര്‍ന്ന് താടിയും കടന്നു താഴേക്കു സാവധാനം ഒഴുകിയിറങ്ങി ....
ഇണ പിരിയാനാവാത്ത വിധം ഒന്നുചേര്‍ന്ന വയറും നട്ടെല്ലും അയാളെ വളച്ച്പിടിച്ചിരിക്കുന്ന പോലെ .........തോളില്‍ കിടന്ന മുഷിഞ്ഞ തുവര്‍ത്ത് തണുത്ത കാറ്റില്‍ താഴെക്ക് ഊര്‍ന്നു വീഴാനൊരുങ്ങി ......പണ്ടെങ്ങോ ആരോ കൊടുത്ത മുണ്ട്....എന്നോ ഒരു കാലത്ത് അതിനു വെള്ളനിറം ആയിരുന്നു പോലും... ഒരു കയ്യിലുള്ള ഊന്നുവടി............കുത്തിയിരിക്കുന്ന അയാളുടെ തലക്കുമീതെ ഒരു കൊടിമരം പോലെ നിന്നു..... കാലിലെ വൃണങ്ങളില്‍ ഈച്ചകള്‍ സദ്യയുണ്ട് മടങ്ങുന്നു.....
അയാളുടെ പിന്നിലുള്ള പൊട്ടിപൊളിഞ്ഞു വീഴാറായ കൂരയില്‍ നിന്നും ഒരു സ്ത്രീ യുടെ കാതടപ്പിക്കുന്ന അസഭ്യ വര്‍ഷം അയാളില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല.....ഒരു പക്ഷെ അയ്യാളുടെ കേള്‍വിശക്തി എന്നോ നഷ്ട്ട പെട്ടകാര്യം അവള്‍ അറിഞ്ഞിരിക്കില്ല........തൊട്ടടുത്തുള്ള സമുദ്രത്തെ ലക്ഷ്യമാക്കി മുന്‍പിലൂടെ ഒഴുകുന്ന അഴുക്കു ചാലില്‍ നിന്നും ഉയരുന്ന അസഹനീയമായ ദുര്‍ഗന്ധം.....അയാള്‍ അറിയുന്നതെ ഇല്ല....
എത്ര നേരം അങ്ങനെ ഇരുന്നു അയാള്‍.....അറിയില്ല......പതുക്കെ തല പൊക്കി ആകാശത്തേക്ക് നോക്കി....സൂര്യന്‍ തലക്കുമീതെ എത്തിനില്‍ക്കുന്നു.....തിരിഞ്ഞു പിന്നിലുള്ള കൂരയിലേക്ക് പ്രതീക്ഷയോടെ.....ആരെയും കണ്ടില്ല....
വീടിന്‍റെ വശം മറച്ചിരുന്ന ഏതോ രാഷ്ട്രിയ പാര്‍ട്ടിയുടെ പഴയ ഇലക്ഷന്‍ ഫ്ലെക്സില്‍........... ഏതോ ഒരു നേതാവ് ചിരിക്കുന്നു........വലിയ അക്ഷരത്തില്‍ "വികസനം....ഭരണ തുടര്‍ച്ച....ഇന്ത്യ തിളങ്ങുന്നു"..........എന്നൊക്കെ എഴുതി വച്ചിരിക്കുന്നു..... അയാള്‍ ദീര്‍ഖമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു.......അത് ചുമ യുടെ ഒരു പരമ്പര അയാളില്‍ സൃഷ്ട്ടിച്ചു......മൂക്ക് മണ്ണ് തൊടുന്നത് വരെ നിര്‍ത്താതെ......ചുമ....വീണ്ടും........ജീവവായുവിനായിമുകളിലേക്ക് നോക്കി.... .അങ്ങ് അകലെ........ .മാനം മുട്ടെ വളര്‍ന്ന കെട്ടിടങ്ങള്‍...... കൂറ്റന്‍ പുക കുഴലുകള്‍ .......അതിനിടയിലൂടെ ഒരു വിമാനം താഴ്ന്നു ഇറങ്ങുന്നു.... കാതടപ്പിക്കുന്ന ഒച്ച .......താവളം തൊട്ടു അരികിലാണ്.....
അയാള്‍ വീണ്ടും എഴുതികൊണ്ടേ ഇരുന്നു...... സൂര്യന്‍ അങ്ങ് അറബികടലില്‍ താഴുമ്പോള്‍ എങ്കിലും ഒരു അല്‍പ്പം വെള്ളം കിട്ടുമായിരിക്കും....... കാഴ്ച മങ്ങിയ കണ്ണുകളില്‍ ഇനിയും അസ്തമിചിട്ടില്ലാത്ത പ്രതീക്ഷ .........
പ്രതീക്ഷ അതല്ലേ എല്ലാം....
പ്രതീക്ഷ അതല്ലേ എല്ലാം....
Comments
Post a Comment